അർമേനിയൻ യാത്ര - ഒരു മനോഹര സ്വപ്നം
സ്വപ്നം ഒരു തെമ്മാടിയാണ്, ഔചിത്യ ബോധമോ യുക്തിയോ ഇല്ലാത്ത ഒരുവൻ അല്ലെങ്കിൽ ഒരുവൾ. ചിലപ്പോൾ ഞാനൊരു മുകിലിന്റെ മുകളിലായിരിക്കും, പെട്ടെന്ന് ഞാൻ കുപ്പായം ഒന്നുമില്ലാതെ ഒരു മരുഭൂമിയിൽ ഒരു മീനിന്റെ കൂടെ ഓടുകയായിരിക്കും. അവിടെ നിന്ന് ഞാൻ ഒരു വെള്ളച്ചാട്ടത്തിൽ മുങ്ങി നിവരും. പിന്നെ നനവെല്ലാം വെയിലിൽ ബാഷ്പമാകുമ്പോൾ പെട്ടെന്ന് ഞാൻ ഒരു ആനപ്പുറത്തായിരിക്കും. ആന തുമ്പിക്കൈ കൊണ്ട് എന്നെ നനക്കുമ്പോൾ അമ്മയുടെ ശകാരത്തിൽ ഞാൻ ഞെട്ടിയുണരും.
ബന്ധമോ ബന്ധനങ്ങളോ ഇല്ലാത്ത ഒരു തെമ്മാടി. ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ, ഇല്ല. രണ്ടു ദിവസം കഴിഞ്ഞാൽ ഓർമയുണ്ടാകുമോ, അതുമില്ല. എന്നാലും ചില സ്വപ്‌നങ്ങൾ നല്ല രസമാണ്. ഒരു ജീവിതം മുഴുവൻ ചെറിയ സ്വപ്നത്തിന്റെ ചില്ലുകൂടിനുള്ളിൽ തെളിഞ്ഞു കാണാം. ചില സമയം നടന്നു പോകുമ്പോൾ ചിറക് മുളച്ച് ആകാശത്തിന്റെ അതിരില്ലാ വരമ്പിലൂടെ കാറ്റാടിയായി ഒഴുകി അകലാം.
എന്റെ പ്രിയ കൂട്ടുകാരൻ ജീവിതത്തിലെ ഒരു ചെറിയ ഭാഗം ഹോമിക്കാൻ വേണ്ടി കിഴക്കൻ യൂറോപ്പിലേക്ക് പോയിരുന്നു. വിരഹത്തിന്റെ വേദനയും ഒറ്റപ്പെടലിന്റെ കയ്പ്പും ഒരുമിച്ചനുഭവിക്കാൻ വിധിക്കപ്പെട്ട പ്രവാസികളിൽ ഒരുവനായി അവനും മാറി. ഇടക്ക് സമയം കിട്ടുമ്പോൾ അവൻ വിളിക്കും. വിശേഷങ്ങളും നൊമ്പരങ്ങളും പങ്കുവെക്കും. അവന്റെ അഭാവം നാട്ടിലെ പ്രസിദ്ധമായ മുക്കിനെ പോലും അനാഥമാക്കി.
ഇന്നലെ ഒരു സ്വപ്നം കണ്ടു. ഞാനും വേറെ ഏതെല്ലാമോ കൂട്ടുകാരും കൂടെ അർമേനിയയിലേക്ക് പോകുന്നു. നമ്മുടെയെല്ലാം പ്രിയപ്പെട്ടവൻ ഷിബു പോയ നാട്ടിൽ. പോകുമ്പോൾ കയറിയത് വിമാനത്തിലായിരുന്നു. അവിടെ ഇറങ്ങുന്നത് ട്രെയിനിലും. പറഞ്ഞില്ലേ സ്വപ്നം ഒരു തെമ്മാടിയാണെന്ന്. യുക്തിയെ കശക്കി ശൂന്യകാശത്തിൽ എറിയുന്ന കശ്മലൻ. എന്തായാലും ഷിബു നമ്മളെ കൂട്ടാൻ വന്നു. അവന്റെ കൂടാരത്തിൽ കൊണ്ട് പോയി. ചുറ്റും നോക്കുമ്പോൾ ചെടികളുടെ മുകളിലെല്ലാം മഞ്ഞ് പുതഞ്ഞ് കിടക്കുന്നു. ലുങ്കി ഉടുത്തു വന്ന ഷിബുവിനെ നോക്കുമ്പോൾ അവൻ ഞാൻ പണ്ട് കൊടുത്ത ജാക്കറ്റ് ഇട്ട് നിൽക്കുന്നു. അടുത്ത നിമിഷം നമ്മളെല്ലാവരും ഐസിൽ പൊതിഞ്ഞു കിടക്കുന്നു. ഷിബുവിന്റെ കൂടെ ഉണ്ടായ ഒരു സായിപ്പ് എല്ലാർക്കും ഓരോ ഗ്ലാസ് വോഡ്ക തന്നു. പെട്ടെന്നുണ്ട് നമ്മൾ നിന്നിടത്ത് ഒരു നാരങ്ങ മരം. സ്വപ്നത്തിൽ എന്റെ മുതലാളി എന്റെ ജീവിതത്തിൽ ആ നാരങ്ങ മരം ഞാൻ കണ്ടിട്ടില്ല എന്ന ഡയലോഗ് പറയാൻ ആരും ഉണ്ടായിരുന്നില്ല.
നാരങ്ങാ നീരും വഴിയിൽ കിടന്ന ഐസ് കട്ടയും ചേർത്ത് വോഡ്ക കഴിച്ചു കൊണ്ടിരിക്കുമ്പോൾ എല്ലാരും പെട്ടെന്ന് വിമാനത്തിന്റെ ഉള്ളിൽ. ഞാൻ ആലോചിച്ചപ്പോൾ ചുമ്മന് കൊടുക്കാനുള്ള മദ്യം കരുതിയിട്ടില്ല. ഷിബൂന്ന് നീട്ടി വിളിച്ചു. അവൻ വിളി കേട്ടു. പിന്നെ നോക്കുമ്പോൾ ഞാൻ ഷിബുവിന്റെ കൂടെ ഒരു പട്ടാള വണ്ടിയിലാണ്. അവിടെ പുറത്ത് ആളെ കണ്ടാൽ വെടിവച്ചു കൊല്ലുമത്രെ. മുന്നിൽ പീരങ്കിയും വശങ്ങളിൽ ചില്ലുകൂടുമുള്ള വണ്ടിയിൽ നമ്മൾ വിളറി വെളുത്ത വഴിയിലൂടെ പോയി. ഷിബുവിന്റെ കൂടാരത്തിൽ പോയി രണ്ട് കുപ്പി വോഡ്കയും എടുത്ത് നേരെ വിമാനത്താവളത്തിലെത്തി.
പിന്നെ നോക്കുമ്പോ ഞാനൊരു മെട്രോയിൽ ആണ്. കൂടെ വന്ന ആരുമില്ല. ഷിബുവിന്റെ ചിരി മാത്രം ദൂരെ ചെറുതായി മറയുന്നു. അലാറത്തിന്റെ ഔചിത്യമില്ലായ്മയിൽ ഷിബുവിന്റെ ചിരിയും വോഡ്കയുടെ ലഹരിയും മുറിഞ്ഞു പോയി.
പ്രിയ കൂട്ടുകാരാ വീണ്ടും എന്റെ സ്വപ്നങ്ങളിൽ വരിക. നിന്റെ സ്വപ്നങ്ങൾ പൂവണിയട്ടെ.
Ente chagathi. Ethu polikkum. Varunno evide
ReplyDeleteplan cheyyam. Chummanem koottaam
ReplyDelete✍️
ReplyDelete