ഉയരത്തിനൊപ്പം കൂടുന്ന വായനയുടെ മധുരം
ചുട്ടുപൊള്ളുന്ന വേനലിന്റെ ഇടയിലാണ് ഒരു പൈതൽമല യാത്ര ഒത്തു വന്നത്. ഇടനിലക്കാരായ മരങ്ങൾ മിക്കതും കോൺക്രീറ്റ് കെട്ടിടങ്ങളുടെ അകത്തളങ്ങളെ അലങ്കരിച്ചിരുന്നു. സൂര്യന്റെ കച്ചവടം അതുകൊണ്ട് തന്നെ ഭൂമിയോട്, പ്രത്യേകിച്ച് താഴ്‌വാരങ്ങളോട് നേരിട്ടായിരുന്നു. ഇതിന് വിപരീതമായി കാറ്റും മരങ്ങളും മലമുകളിലെ ചൂടിന്റെ ഏറിയ പങ്കും സൂര്യനോട് നേരിട്ട് വാങ്ങി. പകരം ഭൂമിക്ക് തണുപ്പിന്റെ പുതയിട്ട് കൊടുത്തു. ഈ യാത്ര ഞങ്ങൾക്ക് ചൂടിൽ നിന്നും തണുപ്പിലേക്കുള്ള രക്ഷപ്പെടലായിരുന്നു. കണ്ണൂരിലെയും തളിപ്പറമ്പിലെയും ചൂടും പൊടിക്കാറ്റും കടന്ന് പതിയെ കുടിയാൻ മലയുടെ മിത ശീതോഷ്ണത്തിലൂടെ പൈതൽ മലയുടെ നനുത്ത, തണുത്ത കാലാവസ്ഥയിലേക്ക് ഞങ്ങൾ കാറോടിച്ചെത്തി. ഡ്രൈവ് ചെയ്ത് വന്നതിന്റെ ആലസ്യം ഉണ്ടായിരുന്നെങ്കിലും പൈതൽ മലയുടെ കുളിരും പച്ചപ്പും എല്ലാവരിലും ഉന്മേഷം നിറച്ചു. പൈതൽ ഹിൽ റിസോർട്ടിൽ ചെക്ക് - ഇൻ കഴിഞ്ഞ് എല്ലാവരും നടക്കാൻ പോയപ്പോൾ ഞാൻ വില്ലയുടെ ബാൽക്കണിയിൽ കാഴ്ചയും കണ്ടിരുന്നു. ദൂരെയുള്ള മലകളിൽ അസ്തമയത്തിന്റെ ചെഞ്ചായം പതിയെ കലരാൻ തുടങ്ങിയിരുന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ബാഗിൽ ഉണ്ടായിരുന്ന അമേരിക്കൻ നോവലിസ്റ്...